ഫോർട്ടുകൊച്ചി: വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ടുകൊച്ചിയിൽ വഴിതെറ്റി എത്തിയ മയിലും കുരങ്ങനും ഏവർക്കും കൗതുകമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഫോർട്ടുകൊച്ചിയിലെ മരച്ചില്ലകളിലും മട്ടുപ്പാവുകളിലുമായാണ് കുരങ്ങന്റെ വാസം.
ഭക്ഷണത്തിനായി താഴെയിറങ്ങുമെങ്കിലും ഉപദ്രവകാരിയല്ലെന്ന് വഴിയോര വ്യാപാരികൾ പറയുന്നു. ചരക്ക് വണ്ടിയിൽ കയറിയെത്തിയതാണ് കുരങ്ങൻ. പൊരിച്ചയിനങ്ങളും പഴങ്ങളുമാണ് പ്രിയ ഭക്ഷണം.
തുടക്കത്തിൽ വൈകുന്നേരങ്ങളിൽ കാക്കക്കൂട്ടങ്ങൾ കുരങ്ങിനെ ഉപദ്രവിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കുഴപ്പമില്ല.
തമിഴ്നാട്ടിൽ നിന്നുവന്ന ചരക്ക് ലോറിയിലാണ് മയിൽ എത്തിയത്. പ്രദേശത്ത് പറന്നുനടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മട്ടാഞ്ചേരി, ചെറളായി, അമരാവതി, വെളി മേഖലകളാണ് മയിലിന്റെ സഞ്ചാര കേന്ദ്രം. മഴക്കാറ് വന്നപ്പോൾ മയിൽ പീലിവിടർത്തി നൃത്തമാടിയത് ഏവർക്കും വിശേഷ കാഴ്ചയായിരുന്നു. വീടുകളുടെ ടെറസിലും തുറസായ സ്ഥലങ്ങളിലുമെത്തുന്ന മയിലിനെ കാണാനും ഫോട്ടോയെടുക്കാനുമുള്ള തിരക്കിലാണ് വിനോദ സഞ്ചാരികളും നാട്ടുകാരും.